1990 കാലഘട്ടം...ജി. ദേവരാജൻ എന്ന അതുല്യ സംഗീത സംവിധായകൻ തിരുവനന്തപുരത്ത് താമസമാക്കിയിട്ടുണ്ട് എന്ന് അറിയാം. അതല്ലാതെ എവിടെയാണ് താമസം എന്നോ മേൽവിലാസം എന്താണെന്നോ ഒന്നും അറിയില്ല.
പക്ഷേ, മുന്നോട്ടുള്ള ജീവിതത്തിന് ദേവരാജൻ മാസ്റ്ററെ കണ്ടേ മതിയാവൂ.. കാണുക മാത്രമല്ല ഒരു അഭിമുഖം തയ്യാറാക്കുകയും വേണം. ഒരു പ്രമുഖ പത്രത്തിന്റെ സിനിമാപ്രസിദ്ധീകരണത്തിൽ പാർട്ട് ടൈം പത്രപ്രവർത്തകനായി ബി. മധുസൂദനൻ നായർക്കു ജോലി ലഭിക്കണമെങ്കിൽ ഈ ‘അഗ്നിപരീക്ഷ' ജയിക്കണം.
കൊല്ലത്തുകാരൻ ബി.മധുസൂദനൻ നായർ, സംഗീതത്തിന്റെ രാജശില്പി ജി. ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട മധുവായി മാറുന്ന കഥ ഇവിടെ തുടങ്ങുന്നു. മധു തന്നെ ആ നിയോഗത്തെ കുറിച്ച് പറയട്ടെ.
"തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ സംവിധാനം പഠിക്കുന്ന കാലമാണ്. പരിമിതമായ സാമ്പത്തിക സൗകര്യങ്ങൾ ഉള്ള ഒരു കുടുംബമാണ് എന്റേത്. സിനിമയോടുള്ള അഭിനിവേശം കൊണ്ട് ഞാൻ തന്നെ അധ്വാനിച്ച് ഉണ്ടാക്കിയ ചെറിയ തുക വച്ചാണ് പഠനം നടത്തുന്നത്.
ദിവസവും രാവിലെ കൊല്ലത്ത് നിന്നു വഞ്ചിനാട് ട്രെയിനിൽ എത്തുകയാണു പതിവ്. യാത്രയും പഠനവും മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസം നേരിട്ടപ്പോൾ ആണ് പത്രപ്രവർത്തനം ഒപ്പം നടത്താം എന്ന് കരുതിയത്. ദേവരാജൻ മാസ്റ്ററുടെ അഭിമുഖം എടുക്കണം എന്ന ആവശ്യം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ ഗുരുവായ കെ.കെ.ചന്ദ്രൻ സാറിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അമ്പരന്നുപോയി.ആരെയും പെട്ടെന്ന് അടുപ്പിക്കുന്ന പ്രകൃതമല്ല ജി. ദേവരാജനൻ മാസ്റ്ററുടെത്.
അഭിമുഖം നൽകുക എന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല. അതും പത്രപ്രവർത്തനത്തിൽ യാതൊരു മുൻ പരിചയമില്ലാത്ത ഒരാൾക്ക്...എങ്കിലും ചന്ദ്രൻ സാർ മാസ്റ്ററുടെ കാർക്കശ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു. മാസ്റ്റർ അന്ന് താമസിച്ചിരുന്ന കരമനയിലെ വാടകവീട്ടിലെ മേൽവിലാസവും തന്നു.
അങ്ങനെ ഒരു സിറ്റി ബസിൽ കയറി ഞാൻ കരമനയിൽ ഇറങ്ങി കുറേ ദൂരം നടന്ന് മഞ്ജുഷ എന്ന വീട്ടിൽ എത്തി. അപ്പോഴാണ് മാസ്റ്റർ ചെന്നൈയിൽ ആണെന്നും ഒരാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ എന്നും വീട്ടുടമ പറയുന്നത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും 'മഞ്ജുഷ'യിൽ എത്തി. എന്റെ ജീവിത പ്രശ്നമാണല്ലോ. മാസ്റ്റർ അന്നു ആയുർവേദ ചികിത്സയിലാണ്.
രണ്ടാം നിലയിലെ വാതിലിൽ മുട്ടിയപ്പോൾ കയ്യിൽ ആയുർവേദക്കിഴിയുമായി എത്തിയ വൈദ്യരുടെ മുഖം ഇന്നും ഓർമിക്കുന്നു. എന്നെ കൂട്ടി മാസ്റ്റർ കിടന്നിരുന്ന മുറിയിലെത്തിയപ്പോൾ, 'എന്താ' എന്ന് പതിവുള്ള ശൈലിയിൽ മാസ്റ്റർ ചോദിച്ചു. ധൈര്യം സംഭരിച്ച് മാസ്റ്ററുടെ ഒരു അഭിമുഖത്തിനാണ് വന്നതെന്നും എന്റെ ഭാവിജീവിതം ഈ അഭിമുഖത്തിലാണ്എന്നുമുള്ള കാര്യം എങ്ങനെയോ അറിയിച്ചു. (യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു അഭിമുഖത്തിന് മാസ്റ്ററുടെ അടുത്ത് എത്താനുള്ള ധൈര്യം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് പിന്നീട് ഞാൻ ആലോചിച്ചിട്ടുണ്ട്.) മാസ്റ്ററുടെ ആരാധകനാണ് ഞാൻ എന്നോ പാട്ടുകളെല്ലാം ഹൃദിസ്ഥമാണെന്നോ പറഞ്ഞില്ല. കട്ടിലിൽ അങ്ങനെ കിടന്നു കൊണ്ട് തന്നെ മാസ്റ്റർ പറഞ്ഞു.
"നിന്നെ എനിക്കറിയില്ല. നിന്റെ എഴുത്തിന്റെ ശൈലിയും അറിയില്ല. ഒരു കാര്യം ചെയ്യ്, ഒരാഴ്ച കഴിയുമ്പോൾ ഗായിക മാധുരി ഒരു ഗാനമേളയുമായി ബന്ധപ്പെട്ട് ഇവിടെ വരും. അപ്പോൾ വന്നു മാധുരിയുടെ അഭിമുഖമെടുക്ക്. എന്നിട്ട് നോക്കാം." മാസ്റ്ററുടെ ഫോൺ നമ്പറും എനിക്ക് തന്നു. എന്റെ ഹൃദയത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന നമ്പർ.. 490489 എന്ന മാസ്റ്ററുടെ ലാൻഡ് ഫോൺ നമ്പർ.
ദിവസങ്ങൾക്കുശേഷം വീണ്ടും കരമനയിലേക്ക് ഞാൻ ബസ് കയറി. മാസ്റ്ററുടെ വീടിന്റെ ഹാളിൽ ഒരു കസേരയിൽ മാസ്റ്റർ ഇരിക്കുന്നു...താഴെ പുൽപ്പായയിൽ മാധുരിയമ്മയും. അതേ പായയിൽ അല്പം മാറി ഞാനുമിരുന്നു.
ചോദ്യങ്ങൾ ഒന്നും തയ്യാറാക്കി കൊണ്ടുവന്നിരുന്നില്ല ഹൃദയത്തിൽ ഉള്ള മാധുരിയുടെ ഗാനങ്ങളെ കുറിച്ച് ചോദിച്ചു. പേൾവ്യൂ എന്ന സിനിമയ്ക്ക് വേണ്ടി ആദ്യമായി ഗാന ഗന്ധർവൻ യേശുദാസിനൊപ്പം പാടിയപ്പോൾ ഉണ്ടായ അനുഭവം? സിനിമയിലെ മാധുരിയുടെ ആദ്യ യുഗ്മ ഗാനം ആണല്ലോ.
അതും മലയാള ഗാനലോകം അടക്കി വാഴുന്ന ഗായകൻ കെ.ജെ. യേശുദാസിനൊപ്പം? മാധുരി അമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു - "ദേവരാജൻ മാസ്റ്റർ എത്രയോ വട്ടം പാടി പാടി പഠിപ്പിച്ചതാണ്. അതു കൊണ്ടുതന്നെ 'കൈതപ്പൂ വിശറിയുമമായി കാറ്റേ കൂടെ വരൂ..' എന്ന ഗാനം ഒട്ടും വിഷമമില്ലാതെ പാടാൻ സാധിച്ചു.."
കാട്ടുകുരങ്ങ് എന്ന് സിനിമയിൽ ജയഭാരതി അവതരിപ്പിച്ച കഥാപാത്രത്തിനുവേണ്ടി മൂക്ക് കൊണ്ട് നാദസ്വരത്തിന്റെ നാദത്തിൽ 'ശിങ്കാരവേലനെ ദേവാ... ' അവതരിപ്പിച്ചതിനെക്കുറിച്ചും ചോദിച്ചു. അധികം ആരും ശ്രദ്ധിക്കാത്ത കാര്യമായതുകൊണ്ടാവാം മാസ്റ്റർ എന്നെ നോക്കി.
അഭിമുഖം കഴിഞ്ഞപ്പോൾ മാസ്റ്റർ പറഞ്ഞു. "നിന്റെ ഈ അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം ഇനി വന്നാൽ മതി’. അഭിമുഖം അധികം വൈകാതെ ഞാൻ എഴുതിക്കൊടുത്തുവെങ്കിലും നാലു മാസങ്ങൾക്കുശേഷമാണ് പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നത്.
മാസ്റ്റർ പക്ഷേ, അഭിമുഖം വായിച്ചിരുന്നു. എന്റെ എഴുത്ത് നല്ലതാണോ മോശമാണോ എന്നൊന്നും പറഞ്ഞില്ല."പാട്ടിനെക്കുറിച്ച് നിനക്ക് ഏതാണ്ടൊക്കെ അറിയാം "എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു, അത്രമാത്രം. ആവശ്യമില്ലാത്ത ഒരു വാക്കു പോലും പറയുന്ന ആളല്ല എന്ന സത്യം അന്ന് എനിക്ക് അറിയുമായിരുന്നില്ല.
ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു വലിയ ദൗത്യം പക്ഷേ, മാസ്റ്റർ എന്നെ ഏൽപ്പിച്ചു. മലയാള സിനിമയുടെ സംഗീത മേഖലയുടെ അമ്പതാം വർഷം ആഘോഷിക്കുന്നതിന്റെ തയാറെടുപ്പിലായിരുന്നു അക്കാലത്തു മാസ്റ്റർ. സുവർണ വാർഷികത്തിന്റെ ഒരു പുസ്തകവും ഇറക്കുന്നുണ്ട്. അമ്പത് വർഷം മലയാള ചലച്ചിത്ര ഗാനരംഗത്ത് പ്രവർത്തിച്ചവരുടെ അഭിമുഖം തയ്യാറാക്കുക എന്ന മഹാദൗത്യം! ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ഗായകർ തുടങ്ങിയവരുടെ അഭിമുഖങ്ങൾ മാസ്റ്റർക്കു വേണ്ടി ഞാൻ നടത്തി. പാപ്പുക്കുട്ടി ഭാഗവതർ, കമുകറ, സി. ഒ.ആന്റോ, കെ.പി. എ. സി. സുലോചന, പി. ലീല, കെ.പി. ഉദയഭാനു, ഗോകുലപാലൻ തുടങ്ങി ഇന്നലെയുടെ പ്രതിഭകളുടെ അഭിമുഖങ്ങൾ തയാറാക്കി നൽകുകയും ചെയ്തു"
ഇനിയുള്ളത് ജി. ദേവരാജനുമായുള്ള മധുവിന്റെ ആത്മബന്ധത്തിന്റെ തുടക്കം. 1992 ൽ ആണ് ദേവരാജൻ മാസ്റ്റർക്ക് പക്ഷാഘാതം വന്ന് ചികിത്സയിൽ ആവുന്നത്.
അക്കാലത്ത് മാസ്റ്ററിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രിയിൽ തുണയായി നിന്നതും മധു തന്നെ. ഒരു വർഷം കഴിഞ്ഞപ്പോൾ സ്വന്തം ഇച്ഛാശക്തി കൊണ്ടു പകുതിയിൽ നിന്നു പോയ സുവർണ സംഗീത ആഘോഷ പ്രവർത്തനങ്ങൾ ദേവരാജൻ മാസ്റ്റർ ആരംഭിച്ചു.1994 ഓഗസ്റ്റ് 20, 21, 22 തീയതികളിൽ മാസ്റ്ററിന്റെ വലിയ സ്വപ്നമായ മലയാള സംഗീതത്തിന്റെ അമ്പത് വർഷം തിരുവനന്തപുരത്ത് വന്പിച്ച രീതിയിൽ ആഘോഷിക്കുകയും ചെയ്തു. പുസ്തകവും പ്രകാശിപ്പിക്കപ്പെട്ടു.
ജി.ദേവരാജന്റെ അഭിമുഖം എടുക്കാൻ വന്ന മധുസൂദനൻ നായർ എന്ന അന്നത്തെ ചെറുപ്പക്കാരൻ പിന്നീട് ഒരിക്കലും ജി. ദേവരാജന്റെ അഭിമുഖം എടുത്തിട്ടില്ല എന്നത് ഒരു വൈരുധ്യമായി നിലനിൽക്കുന്നു. ദേവരാജൻ മാസ്റ്ററിനൊപ്പം ജീവിച്ച, യാത്ര ചെയ്ത മധുവിന് മാസ്റ്ററിന്റെ സംഗീതവും ജീവിതവും കാണാപ്പാഠമായി.
2006 ൽ മാസ്റ്റർ യാത്രയായ ശേഷം ജി.ദേവരാജനെ കുറിച്ച് പൊതുവേദികളിൽ പറയുന്ന പതിവും മധുവിന് ഉണ്ടായിരുന്നില്ല. എന്നാൽ ദേവരാജൻ എന്ന ഇതിഹാസത്തെ അടുത്തറിഞ്ഞ മധു സംസാരിക്കണമെന്നും എഴുതണമെന്നും ഉള്ള നിർബന്ധം ആരാധകർ മുന്നോട്ടു വച്ചു.
ഇപ്പോൾ 'എന്റെ മാസ്റ്റർ 'എന്ന പേരിൽ ഒരു പുസ്തക രചനയിലാണ് മധു. യൂട്യൂബിൽ ഇടയ്ക്ക് ജി. ദേവരാജന്റെ യഥാർഥ ജീവിത കഥ പറയാറുമുണ്ട് .
ജി.ദേവരാജന്റെ ജന്മദേശമായ പരവൂരിൽ, പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി നടത്തുന്ന 'ദേവരാജൻ മാസ്റ്റർ മ്യൂസിയം ആൻഡ് പഠന -ഗവേഷണ കേന്ദ്രത്തിൽ' ഇപ്പോൾ പ്രവർത്തിക്കുകയാണ്.